---
title: "പാനൂരിലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നല്ല മനസ് ; മാക്കൂൽ പീടികയിലെ ജാനുവിൻ്റെ ജീവിതത്തിൽ വെളിച്ചമെത്തി"
english_title: "Good mood of KSEB officials in Panur; Light came into the life of Janu in Makool Peedika"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235119/Good mood of KSEB officials in Panur; Light came into the life of Janu in Makool Peedika"
published_at: "2024-09-12T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2c5f3d5cf1_IMG-20240912-WA0116.jpg"
keywords: []
---

# പാനൂരിലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നല്ല മനസ് ; മാക്കൂൽ പീടികയിലെ ജാനുവിൻ്റെ ജീവിതത്തിൽ വെളിച്ചമെത്തി

> **Lead Summary:** പാനൂർ : പാനൂരിലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നല്ല മനസ് ; മാക്കൂൽ പീടികയിലെ ജാനുവിൻ്റെ ജീവിതത്തിൽ വെളിച്ചമെത്തി

## Article Content

പാനൂർ : പാനൂരിലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നല്ല മനസ് ; മാക്കൂൽ പീടികയിലെ ജാനുവിൻ്റെ ജീവിതത്തിൽ വെളിച്ചമെത്തി

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കുറ്റവും, കുറവും പറയുന്നവർ അറിയണം. അവർക്കും ഒരു നല്ല മനസുണ്ട്.

കഴിഞ്ഞ മാസാവസാനം മാക്കൂൽ പീടിക ഭാഗത്ത് ഇലക്ട്രിക്ക് ലൈനുകൾക്ക് മീതെ അപകടകരമായ രീതിയിൽ ചാഞ്ഞ മരച്ചില്ലകൾ ഓവർസിയർ വി.ദിനേശൻ്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുകയായിരുന്ന ഉദ്യോഗസ്ഥരാണ് ഒറ്റമുറി വീട്ടിൽ കഴിയുകയായിരുന്ന മൊകേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ കുണ്ടം ചാലിൽ ജാനുവിൻ്റെ കഥയറിയുന്നത്.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ജാനുവിൻ്റെ അവസ്ഥ ദിനേശൻ ഓഫീസിലെത്തി പറഞ്ഞതോടെ ഉദ്യോഗസ്ഥർ വീട്ടിൽ വെളിച്ചമെത്തിക്കാൻ ഒറ്റക്കെട്ടായി നിന്നു. വിരമിച്ച ലൈൻമാൻ അബ്ദുള്ള വയറിംഗ് ജോലി ഏറ്റെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി.

ഓണസമ്മാനമായി വീട്ടിൽ വെളിച്ചമെത്തിയതോടെ ജാനുവിൻ്റെ സന്തോഷത്തിന് അതിരുകളില്ലാതായി. കരഞ്ഞുകൊണ്ട് ജാനു ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. തലശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹിജ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

പാനൂർ അസി.എഞ്ചിനീയർ എം.അനുപ്രിയ അധ്യക്ഷത വഹിച്ചു. പാനൂർ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീഷ്, വാർഡംഗം പ്രസന്നകുമാരി, പാനൂർ ഓവർസിയർ കെ.സി വിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235119/Good mood of KSEB officials in Panur; Light came into the life of Janu in Makool Peedika)